ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ പേര് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കത്തിജ്വലിക്കുകയാണ്. 2026 മാർച്ച് 1, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്. ഐസിസി ടി20 ലോകകപ്പ് സൂപ്പർ 8-ലെ നിർണ്ണായക മത്സരം. ഇന്ത്യയും വെസ്റ്റ് ഇൻഡീസും നേർക്കുനേർ. ജയിക്കുന്നവർക്ക് സെമി ഫൈനലിലേക്ക് ടിക്കറ്റ്. സിംബാബ്‌വെയ്‌ക്കെതിരെ 254 റൺസ് അടിച്ചുകൂട്ടിയ കരുത്തുമായെത്തിയ വിൻഡീസിനെ തളയ്ക്കാൻ ഇന്ത്യയ്ക്ക് ഒരാൾ വേണമായിരുന്നു. ആ ദിവസം ഒരു തിരുവനന്തപുരംകാരൻ മലയാളിയുടേതായിരുന്നു.

സഞ്ജുവിന്റെ കഥ വെറും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒതുങ്ങുന്നതല്ല. ഈഡൻ ഗാർഡൻസിലെ ആ മണ്ണിൽ സഞ്ജുവിന്റെ വിയർപ്പിന് ക്ഷമയുടെ, അവഗണനകളുടെ, കെട്ടുപോകാത്ത ആത്മാവിശ്വാസത്തിന്റെ കഥകൾ പറയാനുണ്ടായിരുന്നു.

വിഴിഞ്ഞം മുതൽ ഡൽഹി വരെ

1994-ൽ തിരുവനന്തപുരത്തെ വിഴിഞ്ഞത്താണ് സഞ്ജു ജനിച്ചത്. അച്ഛൻ സാംസൺ വിശ്വനാഥ് ഡൽഹി പോലീസിൽ ജോലി ചെയ്തിരുന്നതിനാൽ കുട്ടിക്കാലം ഡൽഹിയിലായിരുന്നു. സന്തോഷ് ട്രോഫി കളിച്ച മികച്ചൊരു ഫുട്ബോൾ താരം കൂടിയായ അച്ഛനാണ് തന്റെ മകന്റെ ക്രിക്കറ്റ് കഴിവ് തിരിച്ചറിഞ്ഞതും അവർക്ക് മികച്ച പരിശീലനം നൽകിയതും.

പ്രതിഭയും പ്രതിസന്ധികളും

സഞ്ജുവിന്റെ ബാറ്റിംഗ് മികവ് കണ്ട് സാക്ഷാൽ രാഹുൽ ദ്രാവിഡാണ് രാജസ്ഥാൻ റോയൽസിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തത്. എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായിരുന്നു. “കഴിവുണ്ട്, പക്ഷേ സ്ഥിരതയില്ല” എന്ന വിമർശനം സഞ്ജുവിനെ വേട്ടയാടിക്കൊണ്ടിരുന്നു. പലപ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുമ്പോഴേക്കും അദ്ദേഹം ടീമിന് പുറത്തായി. പക്ഷേ, ആരാധകർ ആ കഴിവിൽ വിശ്വസിച്ച് കൂടെ നിന്നു.

ഗൗതം ഗംഭീറിന്റെ പിന്തുണയും ലോകകപ്പ് പ്രവേശനവും

2024-ൽ സഞ്ജുവിനെ എന്നും പിന്തുണച്ചിട്ടുള്ള ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തിയതോടെ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. 2026 ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും തൊട്ടുപിന്നാലെ നടന്ന ന്യൂസിലാൻഡ് പരമ്പരയിലെ പരാജയങ്ങൾ (10, 6, 0) സഞ്ജുവിന്റെ കരിയറിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി. എന്നാൽ തിലക് വർമ്മയ്ക്ക് പരിക്കേറ്റതും സഞ്ജുവിന്റെ ഓപ്പണിംഗ് മികവും അദ്ദേഹത്തെ ടീമിൽ നിലനിർത്തി.

ഈഡൻ ഗാർഡൻസിലെ ആ രാത്രി

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 195 റൺസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 41 റൺസിനിടെ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും നഷ്ടപ്പെട്ട് പതറി. അവിടെയാണ് നാം പുതിയൊരു സഞ്ജുവിനെ കണ്ടത്. അനാവശ്യ ആക്രമണങ്ങൾക്ക് മുതിരാതെ പക്വതയോടെ അദ്ദേഹം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സൂര്യകുമാറും ഹാർദിക്കും വീണിട്ടും സഞ്ജു തളർന്നില്ല.

അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, സഞ്ജു തന്റെ വജ്രായുധം പുറത്തെടുത്തു. ആദ്യ പന്തിൽ തന്നെ തകർപ്പൻ സിക്സർ! ഈഡൻ ഗാർഡൻസ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിമായി മാറുന്ന കാഴ്ചയായിരുന്നു അത്. 50 പന്തിൽ 97* റൺസുമായി സഞ്ജു പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ ലോകകപ്പ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

sanju samson malayalivibe.in
sanju samson malayalivibe.in

10 വർഷത്തെ കാത്തിരിപ്പിനും അവഗണനകൾക്കും സഞ്ജു നൽകിയ മറുപടിയായിരുന്നു ആ ഇന്നിംഗ്സ്. മാർച്ച് 5-ന് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ സഞ്ജുവിന്റെ ലക്ഷ്യം ഒന്ന് മാത്രം—ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുക!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments